അങ്കമാലി : കറുകുറ്റിയിൽ റെയിൽവേ സ്റ്റേഷന് സമീപം 110 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി.
30 കോടിയിലേറെ വിലമതിക്കുന്ന 110 കിലോ ഹൈബ്രിഡ് കഞ്ചാവുമായി നാല് ഒഡീഷ സ്വദേശികളെ അങ്കമാലിയിൽ എക്സൈസ് സംഘം പിടികൂടി. കറുകുറ്റി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഞായറാഴ്ച രാവിലെയാണ് പ്രതികൾ പിടിയിലായത്.
ലക്ഷ്മൺ പത്ര, ബലഭദ്ര, താരേശ്വർ പത്ര, പ്രദീപ് എന്നിവരാണ് അറസ്റ്റിലായത്. യാത്രക്കാരുടെ സംശയത്തെ തുടർന്ന് വിവരം ലഭിച്ച അങ്കമാലി എക്സൈസ് സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. എട്ട് ബാഗുകളിലായി പ്രത്യേകം പൊതിഞ്ഞ് സുരക്ഷിതമായി സൂക്ഷിച്ചിരുന്ന 110 കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരിവസ്തുവിന് ഏകദേശം 30 കോടിയിലേറെ വില വരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് ലഹരിക്കടത്ത് തടയുന്നതിനായി ‘ഓപറേഷൻ തൂഫാൻ’ ശക്തമാക്കിയതിന്റെ ഭാഗമായി ചാലക്കുടി, അങ്കമാലി റെയിൽവേ സ്റ്റേഷനുകൾ, കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സ്റ്റാൻഡുകൾ, ദേശീയപാത, സമാന്തര റോഡുകൾ എന്നിവിടങ്ങളിൽ പൊലീസ്, എക്സൈസ്, രഹസ്യാന്വേഷണ വിഭാഗങ്ങൾ സംയുക്തമായി പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് കറുകുറ്റി റെയിൽവേ സ്റ്റേഷൻ വഴി കഞ്ചാവ് കടത്താൻ ശ്രമം നടന്നത്.
ഒഡിഷയിൽ നിന്ന് ആദ്യം പാലക്കാട്ടെത്തിച്ച കഞ്ചാവ്, ആർക്കും സംശയം തോന്നാതിരിക്കാൻ പാസഞ്ചർ ട്രെയിനിൽ കറുകുറ്റി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന ശക്തമാണെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് തിരക്ക് കുറവുള്ള കറുകുറ്റി സ്റ്റേഷൻ സംഘം തിരഞ്ഞെടുത്തതെന്നാണ് പ്രാഥമിക നിഗമനം.
സംഘത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിനും കേരളത്തിൽ ഇവർ എത്തിയ സാഹചര്യം, താമസസ്ഥലങ്ങൾ, മുൻപ് സമാനമായ കടത്തിൽ പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു.


